ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഹിൻഡൻബർഗ് പരാമർശത്തെ ഇത്തവണ നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്തിനെ രംഗത്തിറക്കി ബിജെപി. രാഹുൽ ഏറ്റവും അപകടകാരിയായ മനുഷ്യനാണെന്നാണ് കങ്കണ പറയുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചിരുന്നു. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്ന് പരിഹസിച്ച രാഹുൽ നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി? എന്ന ചോദ്യമുയർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതിനെ നേരിടാനാണ് ബിജെപി സിനിമാ നടിയായ എം പി കങ്കണയെ രാഹുലിന് എതിരെ ആക്ഷേപ ശരമെയ്യാൻ നിയോഗിച്ചത്. സ്ഥിരമായി പ്രതിപക്ഷത്തിരിക്കാൻ
തയ്യാറായിക്കോളൂ എന്നാണ് കങ്കണ രാഹുലിനോട് പറഞ്ഞത്. രാഹുൽ ഒരു അപമാനമാണെന്നും ഈ രാജ്യത്തിലെ ജനങ്ങൾ ഒരിക്കലും അദ്ദേഹത്തെ നേതാവാക്കില്ലെന്നും നടി കൂട്ടിച്ചേർത്തു.
മുൻപും ബിജെപിക്കും മോദിക്കും അദാനിക്കും എതിരെ രാഹുൽ നിലപാട് വ്യക്തമാക്കുമ്പോൾ സിനിമാ നടികളെയും വെറും ലോക്കൽ നേതാക്കളെയും ഇറക്കി ചളി ഡയലോഗ് അടപ്പിച്ചാണ് ബിജെപി പിടിച്ചു നിൽക്കാൻ ശ്രമിച്ചിരുന്നത്. നാളിതുവരെ രാഹുലിനെതിരെ തരംതാണ ആക്ഷേപങ്ങളുമായി ബിജെപിയുടെ രക്ഷകയായിരുന്നത് സ്മൃതി ഇറാനി എന്ന നടിയായിരുന്നു. എം.പിയും മന്ത്രിയുമൊക്കെ ആയിരിക്കുമ്പോഴും രാഹുൽ ഗാന്ധിക്കെതിരെ പരാമർശവും പരിഹാസവും വിതറുകയായിരുന്നു സ്മൃതി ഇറാനിയുടെ സ്ഥിരം ജോലി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്മൃതി തൽക്കാലം വിസ്മൃതിയിലേക്ക് വീണപ്പോൾ ആണ് കങ്കണ പകരമെത്തുന്നത്. എംപിയായ കങ്കണയെ ഉടൻ കേന്ദ്ര മന്ത്രിസഭയിലെടുത്ത് ബിജെപി കരുത്ത് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് മോദിയുടെ അനുയായികൾ. സ്മൃതി നടത്തിയ നിലവാരമില്ലാത്ത പരാമർശങ്ങളെ മാന്യമായി മൗനം സ്വീകരിച്ച രാഹുൽ ഗാന്ധി കങ്കണയോടും അതേ സമീപനം തുടരുമെന്നാണ് ജനം കരുതുന്നത്. തിരഞ്ഞെടുപ്പിൽ തോറ്റ സ്മൃതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം ഉയർന്നപ്പോൾ അത് പാടില്ലയെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയാണ് രക്ഷയ്ക്ക് എത്തിയത്. മോദിയും ബിജെപിയും അപ്പോൾ മിണ്ടാതിരിക്കുകയായിരുന്നു.
അതേസമയം സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിൻഡൻബെർഗ് രംഗത്തെത്തി. ഇന്ത്യക്കകത്തും പുറത്തുമുള്ള മാധബി ബുച്ചിൻ്റെയും ഭർത്താവിന്റെയും നിക്ഷേപവിവരങ്ങൾ പുറത്തുവിടാനാണ് വെല്ലുവിളി.അദാനിയുമായി രഹസ്യ ചങ്ങാത്തമുള്ള കമ്പനികളിൽ മാധവി ബുച്ചിന് ബന്ധമുണ്ടെന്ന മുൻ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുകയാണ് ഇവർ . ഇന്ത്യയ്ക്ക് ഉള്ളിലും പുറത്തും ഏതൊക്കെ കമ്പനികളിൽ നിക്ഷേപവും ക്ളൈൻ്റുകളും ഉണ്ടെന്ന വിശദവിവരം പുറത്ത് വിടാൻ ഹിൻഡൻ ബെർഗ്, ബുച്ച് ദമ്പതികളെ വെല്ലുവിളിച്ചു. ഓഹരിവിപണിയിലെ ക്രമക്കേട് അന്വേഷിക്കുന്ന സെബിയുടെ ചെയർപേഴ്സണ് അദാനിയുടെ നിഴൽ കമ്പനിയിൽ നിക്ഷേപം ഉണ്ടായിരുന്നു. സെബി അംഗമായതോടെ 2017 ഇൽ കമ്പനിയുടെ ഓഹരി, ഭർത്താവിന് കൈമാറുക മാത്രമാണ് ചെയ്‌തത്.
സിംഗപ്പൂരിനൊപ്പം ഇന്ത്യയിലും കമ്പനികൾ മാധവി ബുച്ച് റെജിസ്റ്റർ ചെയ്‌തിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നും ലാഭവിഹിതം സെബി അംഗമായിരിക്കെ തന്നെ ഇവർ കൈപറ്റി. 99 ശതമാനം ഓഹരികളും അവരുടെ കൈകളിൽ തന്നെയാണ്. മൗറീഷ്യസിലും ബെർമുഡയിലുമുള്ള രണ്ട് ഫണ്ടുകളിൽ നിക്ഷേപം ഉണ്ടെന്നു മാധവി പരസ്യമായി സ്ഥിരീകരിച്ചു. സെബിയുടെ പൂര്‌ണസമായ അംഗമായി ഇരിക്കുമ്പോൾ തന്നെ ഭർത്താവിന്റെ ബിസിനസ് ചെയ്യാനായി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചെന്നും ഹിൻഡൻ ബെർഗ് വ്യക്തമാക്കുന്നു.
Hindenburg - Madhabi allegation: BJP fielded Kangana to defend Rahul Gandhi.